1.ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌

പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സജ്ജമായയുവജന പങ്കാളിത്തത്തോടെയുള്ള വോളന്റിയര്‍മാരെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സേനയാണ്‌ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌. നിലവില്‍ ഈ സേനയെ ടീം കേരള – കേരള യൂത്ത്‌ ഫോഴ്‌സ്‌ എന്ന്‌ പുന:നാമകരണം ചെയ്‌തിട്ടുണ്ട്‌. സംസ്ഥാനത്തുണ്ടായ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നതിനും, കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ച്‌ അതുവഴി ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ അവശ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും ഈ സേനക്ക്‌ സാധിച്ചിട്ടുണ്ട്‌. കൂടാതെ കോവിഡ്‌ മഹാമാരി കാലത്ത്‌ സാനിറ്ററൈസിംഗ്‌, മാസ്‌ക്‌ വിതരണം, ലോക്‌ഡൗണ്‍ കാലത്തെ സേവനങ്ങള്‍, ജീവന്‍രക്ഷാ മരുന്നുകളും മറ്റു അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കല്‍, സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കുക, സി.എഫ്‌.എല്‍.റ്റി.സി കേന്ദ്രങ്ങളിലെ സേവനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്റെ സേവനങ്ങള്‍, പ്രത്യേക മെഡിക്കല്‍ ടീമിന്റെ വിവരശേഖരണം, രക്തദാനം തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സേനയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌.

ജില്ലാതലത്തിലുള്ള ഈ സേന പഞ്ചായത്ത്‌തലത്തിലേക്ക്‌ വ്യാപിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഏറ്റവും ആദ്യം ഓടിയെത്തുന്നത്‌ തദ്ദേശീയരായ യുവജനങ്ങളാണ്‌. പരിശീലനം ലഭിച്ച അവര്‍ക്ക്‌ വളരെപ്പെട്ടെന്ന്‌ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. പലതരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ തദ്ദേശീയരായ യുവജനങ്ങളുടെ ഇടപെടലുകളാണ്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കണ്ടു വരുന്നത്‌. ആയതിനാല്‍ പ്രാദേശീയതലത്തില്‍ സേന രൂപീകരിച്ച്‌ അംഗങ്ങള്‍ക്ക്‌ പരിശീലനം നടത്തിയാല്‍ അവരുടെ സേവനം ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താനാവും. 2021-22 സാമ്പത്തിക വര്‍ഷം ഒരു പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ നിന്നും ഒരു വോളണ്ടിയര്‍, കോര്‍പ്പറേഷനില്‍ ഒരു ഡിവിഷനില്‍ നിന്നും 3 വോളണ്ടിയര്‍മാര്‍, ഒരു പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയില്‍ നിന്നും 5 വനിതാ വോളണ്ടിയര്‍മാര്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത്‌ സേന പഞ്ചായത്ത്‌തലത്തില്‍ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്‌. ഇതിനു മുന്നോടിയായുള്ള പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍തലങ്ങളില്‍ ക്യാപ്‌റ്റന്‍മാരെ തെരഞ്ഞെടുക്കലും അവര്‍ക്ക്‌ പരിശീലനം നല്‍കലും പൂര്‍ത്തിയാക്കികഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 1034 ക്യാപ്‌റ്റന്‍മാര്‍ക്കാണ്‌ പരിശീലനം നല്‍കിയത്‌. പോലീസ്‌, ഫയര്‍ & റെസ്‌ക്യൂ, ഫോറസ്റ്റ്‌, എക്‌സൈസ്‌, ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌, ഫസ്റ്റ്‌ എയ്‌ഡ്‌, കായിക പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യക്തിത്വ വികസനം, പാലിയേറ്റീവ്‌കെയര്‍ എന്നീ മേഖലകളിലാണ്‌ പരിശീലനം നല്‍കിയത്‌. പഞ്ചായത്ത്‌തല സേനാംഗങ്ങളുടെ ആദ്യഘട്ട പരിശീലനം (ഒരു ജില്ലയില്‍ നിന്നും 100 പേരടങ്ങുന്ന അംഗങ്ങള്‍ക്ക്‌) സംഘടിപ്പിക്കുകയുണ്ടായി. ഇപ്രകാരം 14 ജില്ലകളില്‍ നിന്നും 1400 പേര്‍ക്കു കൂടി പരിശീലനം ലഭിക്കുകയുണ്ടായി. ഇതുകൂടാതെ പഞ്ചായത്ത്‌തല ക്യാപ്‌റ്റന്‍മാര്‍ക്ക്‌ യൂണിഫോം, ഷൂസ്‌, ക്യാപ്പ്‌ എന്നിവയും തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌.

സാമൂഹ്യ നന്മയും പെതുജനക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍, യുവാക്കളില്‍ സാഹസികതയും ശാരീരികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍, കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരന്തരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ടീം കേരള ഏറ്റെടുത്ത്‌ നടപ്പിലാക്കും. കൂടാതെ സംസ്ഥാനാടിസ്ഥാനത്തില്‍ രാജ്യാന്തര നിലവാരത്തില്‍ മികച്ച പരിശീലനം നടത്തി ഒരു ടീമിനെ സജ്ജമാക്കും. രാജ്യത്തെ ഏതു ദുരന്തവും കൈകാര്യം ചെയ്യുവാന്‍ കഴിയുന്നതരത്തിലുള്ള ദേശീയ-അന്തര്‍ദേശീയതലത്തിലുള്ള വിദഗ്‌ദ്ധ പരിശീലനം ഈ ടീമിന്‌ ലഭ്യമാക്കും. സാഹസിക അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ടീം കേരള അംഗങ്ങള്‍ക്ക്‌ ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലനങ്ങളും (കളരി, കരാട്ടേ, നീന്തല്‍ പരിശീലനം, സ്‌കൂബാ ഡൈവിംഗ്‌, ട്രക്കിംഗ്‌ ലൈഫ്‌ സേവര്‍ ട്രെയിംഗ്‌, ലൈഫ്‌ ഗാര്‍ഡ്‌ ട്രെയിനിംഗ്‌, റാപ്പലിംഗ്‌, ജൂമറിംഗ്‌, ഫസ്റ്റ്‌ എയ്‌ഡ്‌, സി പി ആര്‍, റിവര്‍ക്രോസിംഗ്‌, സ്‌നേക്ക്‌ ബൈറ്റ്‌, ഫയര്‍ & റെസ്‌ക്യൂ) ശാരീരിക പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കുന്നു.

കൈത്താങ്ങാകാൻ യുവത…ടീം കേരള ക്യാപ്റ്റൻ മാർക്കുള്ള പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിക്കുന്ന ആക്ഷൻ ഫോഴ്സിലെ ക്യാപ്റ്റൻ മാർക്കുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള പരിശീലനം ആരംഭിച്ചു. എല്ലാ ജില്ലകളിലുമായി 1034 പേർക്കാണ് പരിശീലനം നൽകുന്നത്.