ചരിത്രത്തിലെ സമാനതകളില്ലാത്ത ഏറ്റവും വലിയ പ്രളയത്തിന്‌ നമ്മുടെ സംസ്ഥാനം 2018 -ല്‍ സാക്ഷ്യം വഹിച്ചത്‌. തുടര്‍ന്നും 2019 ല്‍ സമാനമായ ഒരു പ്രളയത്തിന്‌ കേരളം ഇരയായി. മുന്‍വര്‍ഷവും ഈ വര്‍ഷവും കേരളത്തിലെ യുവജനങ്ങള്‍, സന്നദ്ധ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യൂത്ത്‌ ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍, ഉദേ്യാഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ജീവന്‍ പണയം വച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെതുകൊണ്ടും മുന്‍ അനുഭവത്തില്‍ നിന്ന്‌ കൂടുതല്‍ കരുതലുകള്‍ നടത്തിയതിനാലുമാണ്‌ കൂടുതല്‍ ജീവനുകള്‍ നഷ്‌ടപ്പെടാതെ വലിയ ഒരു ദുരന്തത്തില്‍ നിന്ന്‌ നമുക്ക്‌ കരകയറാന്‍ കഴിഞ്ഞത്‌. ഈ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധതല്‍പ്പരരായ ഒരുകൂട്ടം യുവജനങ്ങളുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്‌.
ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സജ്ജമായ യുവജനപങ്കാളിത്തത്തോടെയുള്ള വേളന്റിയര്‍മാരെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സേനയാണ്‌ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌. ഇതിനകംതന്നെ 2000 യുവാക്കളെ പരിശീലനം നല്‍കി 14 ജില്ലകളിലുമായി ഒരു സന്നദ്ധസേന സേനയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. രണ്ടാമതും സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദുരിതാശ്വസ ക്യാമ്പുകളില്‍ സഹായം എത്തിക്കുന്നതിനും സേനയ്‌ക്കു കഴിഞ്ഞു.
കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാനും ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാനും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‌ കഴിഞ്ഞിട്ടുണ്ട്‌. 2020-ല്‍ ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ്‌ -19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്ത്‌ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ബ്രേക്‌ ദ ചെയിന്‍ ക്യാമ്പയിന്‍, ലോക്‌ഡൗണ്‍ ഹെല്‍പ്പ്‌ഡസ്‌ക്ക്‌, മെഡിക്കല്‍ ടീം, രക്തദാനക്യാമ്പയിന്‍, ദുരിതാശ്വാനിധിയിലേക്കുള്ള ധനസമാഹരണം, കാര്‍ഷികരംഗത്തുള്ള ഇടപെടല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തമാണ്‌ ആക്ഷന്‍ ഫോഴ്‌സ്‌ അംഗങ്ങളില്‍ നിന്നുമുണ്ടായത്‌. 2020 ആസ്റ്റ്‌ 9-ാം തീയതി ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ നടന്ന പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനും മരണപ്പെട്ടവരുടെ ശവശരീരങ്ങള്‍ പുറത്തെടുക്കുന്നതിനും സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങളും അഹോരാത്രം പ്രവര്‍ത്തിച്ചു. കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ഭാഗമായി ഈ സേന പഞ്ചായത്ത്‌തലം വരെ വ്യാപിപ്പിച്ചു വരികയാണ്‌. പഞ്ചായത്ത്‌/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലങ്ങളില്‍ യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ രൂപീകരിക്കുകയും അവര്‍ക്ക്‌ വിദഗ്‌ദ്ധ പരിശീലനം നല്‍കുകയും വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറക്കാന്‍ തയ്യാറാക്കുകയും ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിട്ടുണ്ട്‌. അതിനു മുന്നോടിയായി പഞ്ചായത്ത്‌തലത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള ട്രെയിനര്‍മാരുടെ പരിശീലനവും പാസ്സിംഗ്‌ ഔട്ട്‌ പരേഡും സംഘടിപ്പിച്ചു. 750 സേനാംഗങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ ട്രെയിനര്‍മാരായി പരിശീലനം ലഭിച്ചു. കൂടാതെ കൗണ്‍സിലിംഗ്‌, സാങ്കേതിക വൈദഗ്‌ദധ്യം, സര്‍വ്വേ, ശുചീകരണ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി വൈവിദ്ധ്യമാര്‍ന്ന ടീമുകളെ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. കൂടാതെ കോവിഡ്‌ പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നതിനും വേണ്ടിയുള്ള പ്രതേ്യക ടാസ്‌ക്ക്‌ ഫോഴ്‌സുകള്‍ രൂപീകരിക്കും.പരിശീലനം ലഭിച്ച 2750 സേനാംഗങ്ങള്‍ കേരള വോളന്ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സില്‍ നിലവിലുണ്ട്‌.

കൈത്താങ്ങാകാൻ യുവത…കേരള വോളന്ററി യൂത്ത്‌ ആക്ഷൻ ഫോഴ്സിലെ ക്യാപ്റ്റൻ മാർക്കുള്ള പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിക്കുന്ന ആക്ഷൻ ഫോഴ്സിലെ ക്യാപ്റ്റൻ മാർക്കുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള പരിശീലനം ആരംഭിച്ചു. എല്ലാ ജില്ലകളിലുമായി 1034 പേർക്കാണ് പരിശീലനം നൽകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിക്കുന്ന ആക്ഷൻ ഫോഴ്സിലെ ക്യാപ്റ്റൻ മാർക്കുള്ള ആലപ്പുഴ ജില്ലയിലെ  പരിശീലനം ബഹു. ഫിഷറീസ്‌, സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.