മനുഷ്യര്‍ക്ക്‌ സമൂഹവുമായും പ്രകൃതിയുമായും ഉള്ള ബന്ധങ്ങള്‍ അന്യമായി കൊണ്ടിരിക്കുകയാണ്‌. ഇപ്പോഴത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും സാഹസികത പ്രോത്സാഹിപ്പിക്കുന്ന വിവിധതരം പ്രവര്‍ത്തികള്‍ നടപ്പിലാക്കേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂള്‍-കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞാലുടന്‍ സൗഹൃദങ്ങള്‍ നഷ്‌ടപ്പെട്ട്‌ സ്വയം ഉള്‍വലിഞ്ഞ്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്‌ ആത്മഹത്യയില്‍ എത്തിപ്പെടുന്നത്‌ പതിവായ കാഴ്‌ചയായിരിക്കുന്നു. ഈ അവസ്ഥയെ മറികടക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്‌ സംഘടിത ശക്തിയെ വളര്‍ത്തിയെടുക്കുക എന്നതാണ്‌. വ്യക്തിത്വവികസനം നേതൃത്വഗുണം, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്‌ എന്നിവ വളര്‍ത്തിയെടുക്കുന്നത്‌ വ്യക്തിപരമായും രാജ്യപുരോഗതിക്കും ഉപകരിക്കും. ആയതിനാല്‍ ഇത്തരം സവിശേഷതകള്‍ പരിപോഷിക്കുന്ന വിവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേവികുളം ദേശീയ സാഹസിക അക്കാദമിയുടെയും, കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട്‌ സ്ഥിതി ചെയ്യുന്ന ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധയിനം സാഹസിക പരിപാടികള്‍ സംഘടിപ്പിക്കുന്നു.

1) ട്രക്കിംഗ്‌ :-

സാഹസിക പരിപാടിയായ ട്രക്കിംഗ്‌ പദ്ധതി പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സഹായിക്കും. മനുഷ്യന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനുള്ള ഉത്തമ ഉപാധിയായ വ്യായാമവും ട്രക്കിങ്ങിലൂടെ സാധ്യമാകുന്നതു വഴി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാത്രമല്ല പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്തറിയുന്നതിനും ട്രക്കിങ്ങ്‌ സഹായിക്കുന്നു.മൂന്നാര്‍, കണ്ണൂര്‍ ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ട്രക്കിംഗ്‌ പോയിന്റുകളായ മീശപ്പുലിമല, ചെമ്പ്രകൊടുമുടി, കൊളുക്കുമല, പൈതല്‍മല, ധര്‍മ്മടം തുരുത്ത്‌, റാണിപുരം, ആറളം വന്യജീവി സങ്കേതം, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലേക്ക്‌ ട്രക്കിംഗ്‌ സംഘടിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ ഓരോ സ്ഥലത്തേയും ട്രക്കിംഗ്‌ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ 30 യുവതീ യുവാക്കള്‍ക്ക്‌ അവസരം ലഭിക്കുന്നു. ട്രക്കിംഗ്‌ ഇന്‍സ്‌ട്രക്‌ടര്‍മാര്‍, ഫോറസ്റ്റ്‌ ഗാര്‍ഡുകള്‍, നേഴ്‌സിങ്ങ്‌ അസിസ്റ്റന്റ്‌ എന്നിവര്‍ സംഘത്തെ അനുഗമിക്കുന്നതാണ്‌. ട്രക്കിംഗ്‌ നടത്തുന്ന സ്ഥലത്ത്‌ റോപ്പ്‌ അഡ്വഞ്ചര്‍ ആക്‌ടിവിറ്റീസ്‌, പരിസ്ഥിതി സംരക്ഷണ ക്ലാസ്സ്‌ എന്നിവയും സംഘടിപ്പിക്കും.

2) സാഹസിക ക്യാമ്പ്‌ :-

യുവജനങ്ങളില്‍ സാഹസിക മനോഭാവം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാഹസിക ഇനങ്ങളില്‍പ്പെട്ട കരാധിഷ്‌ഠിത ഇനങ്ങളായ റോപ്‌ അഡ്വഞ്ചര്‍ ഇനങ്ങളുടെ പരിശീലനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാഹസിക ക്യാമ്പ്‌ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നു. റോപ്‌ അഡ്വഞ്ചര്‍ ഇനങ്ങള്‍ കൂടാതെ യോഗ, പ്രഥമശുശ്രൂഷ, ദുരന്ത നിവാരണ ക്ലാസ്‌, വ്യക്തിത്വ വികസന ക്ലാസ്സ്‌, അഡ്വഞ്ചര്‍ ഗെയിംസ്‌ തുടങ്ങിയ ഇനങ്ങളും സാഹസിക ക്യാമ്പില്‍ ഉള്‍പ്പെടുന്നു.കേരളത്തിലെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 20 യുവതീ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ബോര്‍ഡിന്റെ കീഴിലുള്ള രണ്ട്‌ അഡ്വഞ്ചര്‍ അക്കാദമികളുടെ ആഭിമുഖ്യത്തില്‍ 2 ബാച്ചുകളായി ത്രിദിന സാഹസിക ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. കേരളത്തിലെ തെക്കുഭാഗത്തുള്ള 7 ജില്ലകളിലെ പരിശീലനം മൂന്നാര്‍, ദേവീകുളം അഡ്വഞ്ചര്‍ അക്കാഡമിയില്‍ വെച്ചും, ബാക്കി 7 വടക്കന്‍ ജില്ലകളിലെ പരിശീലനം കണ്ണൂര്‍, കാഞ്ഞങ്ങാട്‌ ഇന്‍ ഡോര്‍ പാര്‍ക്കില്‍ വെച്ചും സംഘടിപ്പിക്കാവുന്നതാണ്‌. റോപ്പ്‌ അഡ്വഞ്ചര്‍ ഇനങ്ങളായ ബര്‍മ്മ ബ്രിഡ്‌ജ്‌, റിവര്‍വാലി ക്രോസിംഗ്‌, സ്‌പിംഗിങ്ങ്‌ വാലി ക്രോസിംഗ്‌, കമാന്റോ നെറ്റ്‌, ഫ്‌ളൈയിംഗ്‌ ഫോക്‌സ്‌/സിപ്‌ലൈന്‍, ജൂമറിങ്ങ്‌, റാപ്പലിങ്ങ്‌ , ടയര്‍വാലി ക്രോസിങ്ങ്‌, മംഗീകോളിങ്ങ്‌ എന്നിവ സംഘടിപ്പിക്കുന്നതാണ്‌.

3) സാഹസിക കാര്‍ണിവല്‍ :-

ഇപ്പോഴത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുവാനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സാഹസികത പ്രോത്സാഹിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. ആയതിനാല്‍ സാഹസികത പരിപോഷിക്കുന്ന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതു വഴിയും തലമുറയുടെ ആരോഗ്യപരമായും മാനസികപരമായ മനസ്സു സൃഷ്‌ടിച്ചെടുക്കുവാനും ആയത്‌ രാഷ്‌ട്ര നിര്‍മ്മാണ പ്രക്രിയയില്‍ യുവതലമുറയെ സക്രിയമായി പങ്കെടുപ്പിക്കാന്‍ അവരെ പുസ്‌തകപഠനത്തിനു പുറമെ സാഹസിക വിനോദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കേണ്ടതുണ്ട്‌. സാധാരണഗതിയില്‍ പൊതുജനങ്ങള്‍ക്ക്‌ അപ്രാപ്ര്യമായ ആകാശയാത്ര സ്ഥിരമായി ലഭ്യമാവാത്തതതും വലിയ തുക ഈടാക്കുന്നതുമായ സാഹസിക വിനോദപരിപാടികളായ ഹോട്ട്‌ എയര്‍ ബലൂണ്‍ പാരാഗ്ലൈഡിംഗ്‌, പാരാസെയിലിംഗ്‌, ജലസാഹസിക ഇനങ്ങള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ സാഹസിക വിനോദമേളയിലൂടെ ലഭ്യമാക്കുന്നത്‌ യുവജനങ്ങള്‍ക്ക്‌ നവ്യാനുഭവമായ കാര്യമാണ്‌.കണ്ണൂര്‍ ജില്ലയില്‍ മുഴപ്പിലങ്ങാട്‌ പയ്യാമ്പലം ബീച്ചിലോ തിരുവനന്തപുരത്ത്‌ വേളികായലിലോ ശാസ്‌താംകോട്ട കായലിലോ ജലസാഹസിക ഇനങ്ങളിലും ഇടുക്കി ജില്ലയില്‍ വാഗമണിലോ കണ്ണൂര്‍ പൈതല്‍മലയിലോ പാരാമോട്ടോര്‍ ഷോയും കേരളത്തിലെ 4 നഗരങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍മേളയോ സംഘടിപ്പിക്കാവുന്നതാണ്‌. സാഹസിക പരിപാടികളില്‍ പ്രഥമ ശുശ്രൂഷയും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ഉണ്ടാകുന്നതാണ്‌.

4) അമ്പെയ്‌ത്ത്‌്‌ പരിശീലനം :-

ചരിത്രത്തിന്റെ ഭാഗമായ അമ്പെയ്‌ത്ത്‌ ഇപ്പോള്‍ ഒളിമ്പിക്‌സ്‌ വരെ എത്തി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ നിന്നും താരങ്ങളുടെ പ്രാതിനിധ്യം ഇല്ലായെന്നുള്ളത്‌ നിരാശാജനകമാണ്‌. സ്‌കൂള്‍ കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞാലുടന്‍ സൗഹൃദം നഷ്‌ടപ്പെട്ട്‌ സോഷ്യല്‍ മീഡിയയിലും സ്വയം ഉള്‍വലിഞ്ഞും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്‌ കിടക്കുന്ന യുവതീയുവാക്കള്‍ക്ക്‌ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്ന സാഹസിക ഇനമായി അമ്പെയ്‌ത്‌ പരീശീലനം നല്‍കുന്നതു വഴി ഈ അവസ്ഥയെ മറി കടക്കുന്നതിനായും ആരോഗ്യപരമായ മനസ്സിനെയും ശരീരത്തെയും വളര്‍ത്തിയെടുക്കാനും ജില്ലാ സംസ്ഥാനദേശീയതലമത്സരങ്ങളില്‍ പ്രാതിനിധ്യം കൊണ്ടുവരാനും സാധിക്കുന്നതാണ്‌.3 ഘട്ടങ്ങളിലായി (മൂന്ന്‌ മാസങ്ങളിലായി) 2 ജില്ലകളില്‍ (വയനാട്‌, ഇടുക്കി ജില്ലികളിലെ ആദിവാസി മേഖലകള്‍ക്ക്‌്‌ മുന്‍ഗണന) പരിശീലനം സംഘടിപ്പിക്കുന്നു.

5) ബീച്ച്‌ ഫെസ്റ്റ്‌ :-

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്‌ ബീച്ച്‌ എന്നത്‌ ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവ്‌ ഇന്‍ ബീച്ചാണ്‌. ബീച്ച്‌ ഫെസ്റ്റിനോടനുബന്ധിച്ച്‌ സാഹസിക വിനോദ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ്‌. സാഹസിക കായിക ഇനങ്ങളായി ബീച്ച്‌ മാരത്തോണും, ബീച്ച്‌ വോളിയും, സാഹസിക മത്സര പരിപാടിയായി കടലിലെ നിന്തല്‍ മത്സരവും സാഹസിക വിനോദ പരിപാടിയായി കയാക്കിംഗും സംഘടിപ്പിക്കും മുഴപ്പിലങ്ങാട്‌ ബീച്ച്‌ ഫെസ്റ്റിന്റെ ഭാഗമായി സാഹസികമേള എന്ന പേരില്‍ സംഘടിപ്പിക്കാവുന്ന മേളയില്‍ നടപ്പിലാക്കുന്ന സാഹസിക കായിക വിനോദ മത്സര പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക്‌ പങ്കെടുക്കാം.

ബീച്ച്‌ മാരത്തോണ്‍: 4 കി.മീ വ്യാപിച്ചു കിടക്കുന്ന മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ തെക്കെ അറ്റം മുതല്‍ വടക്കെ അറ്റം വരെ ബീച്ചിനുള്ളിലൂടെയുള്ള മാരത്തോണ്‍.

ബീച്ച്‌ വോളി:  മുഴപ്പിലങ്ങാട്‌ ബീച്ചിനകത്ത്‌ തീരത്ത്‌ വെച്ച്‌ സംഘടിപ്പിക്കുന്ന വോളിബോള്‍ മത്സരമാണ്‌.കടലില്‍ നീന്തല്‍ മത്സരം: മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ കരയ്‌ക്കു നിന്നും ഒന്നരകിലോ മീറ്റര്‍ കടലിന്റെ ഉള്ളിലേക്ക്‌ നീന്തി, അവിടുന്ന്‌ തിരിച്ച്‌ ബീച്ചിലേക്കും നീന്തി കൊണ്ടുള്ള മത്സരമാണ്‌.

കയാക്കിംഗ്‌: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ ധര്‍മ്മടം അമിനിറ്റിസെന്ററിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന കയാക്കിങ്ങ്‌ സെന്ററിന്റെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന 30 യൂവതീയുവാക്കള്‍ക്ക്‌ 3 മണിക്കൂര്‍ കയാക്കിങ്ങ്‌ എന്ന ജലസാഹസിക വിനോദം അനുഭവയോഗ്യമാക്കാവുന്നതാണ്‌.