1) സെക്യൂരിറ്റി സര്‍വ്വീസ്‌ :-


സംസ്ഥാനത്ത്‌ സെക്യൂരിറ്റി സര്‍വ്വീസ്‌ മേഖലയില്‍ വലിയ ചൂഷണമാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി താല്‌ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏതെങ്കിലും സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളുടെ നോമിനികളാണ്‌. സ്ഥാപനങ്ങളുമായി ഏജന്‍സികള്‍ കരാറുണ്ടാക്കുകയും സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന്റെ നല്ലൊരു ശതമാനം കമ്മീഷനായി പറ്റുകയുമാണ്‌ നിലവിലെ സ്ഥിതി.ഇതില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക്‌ തുശ്ചമായ ശമ്പളമാണ്‌ കമ്പനി നല്‍കുന്നത്‌.ഈ മേഖലയില്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി നമുക്ക്‌ സാധ്യതകള്‍ ലഭ്യമാക്കാനും ധാരാളം തൊഴില്‍ അവസരങ്ങള്‍ സാധ്യമാക്കാനും കഴിയും.സെക്യൂരിറ്റി ജോലി ചെയ്യാന്‍ താല്‌പര്യമുള്ള യുവതീ-യുവാക്കളെ കണ്ടെത്തുകയും അവര്‍ക്കായി പരിശീലനം നല്‍കി സെക്യൂരിറ്റി ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ സജ്ജരാക്കുകയും
ചെയ്യുന്നു. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം പരിശീലനം സിദ്ധിച്ച സെക്യൂരിറ്റി ജീവനക്കാരെ വിതരണം ചെയ്യുന്നു. ഒരു ജില്ലയില്‍ പരമാവധി 100 പേര്‍ക്ക്‌ പരിശീലനം നല്‍കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്താകെ 1400 പേര്‍ക്ക്‌ പരിശീലനം നല്‍കും.

2) ഹാര്‍ബര്‍ സെക്യൂരിറ്റി സര്‍വ്വീസ്‌ :-


തീരദേശമേഖലകളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഹാര്‍ബറുകളിലും ലാന്റിംഗ്‌ സെന്ററുകളിലും ആവശ്യമായ സെക്യൂരിറ്റിമാരെ പരിശീലിപ്പിച്ച്‌ നിയോഗിക്കുന്നതാണ്‌ ഈ പദ്ധതി. ഇതിനായി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതീ യുവാക്കളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളില്‍ പ്രധാനമായും 24 ഫിഷറീസ്‌ ഹാര്‍ബറുകള്‍ ഉണ്ട്‌. കൂടാതെ 208 ലാന്റിംഗ്‌ സെന്ററുകളും സംസ്ഥാനത്തുണ്ട്‌. കേരളത്തിലെ പ്രധാനപ്പെട്ട ഈ മത്സ്യബന്ധന കേന്ദ്രങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. സെക്യൂരിറ്റി ജോലി ചെയ്യാന്‍ താല്‌പര്യമുള്ള യുവതീ-യുവാക്കളെ കണ്ടെത്തുകയും അവര്‍ക്കായി പരിശീലനം നല്‍കി സെക്യൂരിറ്റി ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ സജ്ജരാക്കുകയും ചെയ്യുന്നു.

3) ടൂറിസം വോളന്റിയര്‍മാര്‍ :-

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കേരളം. വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ്‌ നമ്മുടേത്‌. കേരളത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ കടല്‍ത്തീരങ്ങള്‍, കായലുകള്‍, മലയോര കേന്ദ്രങ്ങള്‍ (ഹില്‍ സ്റ്റേഷന്‍),തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയോദ്യാനങ്ങള്‍, പക്ഷിസങ്കേതങ്ങള്‍, ചരിത്രസ്‌മാരകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുക, അതുവഴി ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.


കേരളത്തിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ യുവാക്കളുടെ ഒരു വോളന്റിയര്‍ ടീം രൂപീകരിക്കുന്നു. ഈ കേന്ദ്രങ്ങളിലേയ്‌ക്ക്‌ എത്തുന്ന ടൂറിസ്റ്റുകളെ സഹായിക്കല്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ ശുചിയായി നിലനിര്‍ത്തുന്നതിന്‌ ഉതകുന്ന തരത്തിലുള്ള സൗഹാര്‍ദ്ദപരമായ ഇടപെടല്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കല്‍, അവര്‍ക്ക്‌ അത്യാവശ്യമായി വരുന്ന സഹായങ്ങള്‍ ചെയ്‌തുകൊടുക്കല്‍ (ടാക്‌സി, ഹോട്ടല്‍, ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കാന്‍ സഹായിക്കല്‍) എന്നിവയാണ്‌ ഈ ടീമിന്റെ പ്രധാന ചുമതലകള്‍. ഓരോ കേന്ദ്രത്തിന്റെയും പ്രാധാന്യം, അവിടെ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം എന്നിവ അനുവസരിച്ചായിരിക്കും ആ കേന്ദ്രത്തിലെ വോളന്റിയേഴ്‌സിന്റെ എണ്ണം നിശ്ചയിക്കുന്നത്‌.20 നും 30 നും ഇടയില്‍ പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ബഹുഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്‌തരായ യുവാക്കളെയാണ്‌ വോളന്റിയര്‍മാരായി തെരഞ്ഞെടുക്കുക. പത്രവാര്‍ത്തകള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ലാ യുവജനകേന്ദ്രങ്ങള്‍ വഴി ഇന്റര്‍വ്യൂ നടത്തി വോളന്റിയേഴ്‌സിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തിരഞ്ഞെടുത്ത വോളന്റിയേഴ്‌സിനെ ടൂറിസ്റ്റ്‌ മേഖലയിലെ വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തി യുവജനക്ഷേമ ബോര്‍ഡ്‌ പരിശീലനം നല്‍കുന്നു. പരിശീലനം ലഭിച്ച വോളന്റിയേഴ്‌സിന്‌ യൂണിഫോം ഐ.ഡി കാര്‍ഡ്‌ എന്നിവ നല്‍കും.


4) നീന്തല്‍ പരിശീലനം:-

580 കി.മി നീളമുളള തീരത്തിനൊപ്പം 44 നദികളും അസംഖ്യം തടാകങ്ങളും കായലുകളുമുളള നമ്മുടെ സംസ്ഥാനത്ത്‌ മുങ്ങി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌. മുങ്ങി മരിക്കുന്ന ഭൂരിഭാഗം പേരും കൂട്ടികളും യുവാക്കളുമാണ്‌. ഇത്തരം മുങ്ങി മരണങ്ങള്‍ ഒഴിവാക്കുന്നതിനുളള മാര്‍ഗ്ഗം നീന്തല്‍ പരിശീലിപ്പിക്കുക എന്നതാണ്‌. അപകടങ്ങളില്‍ നിന്നും സ്വയം രക്ഷ നേടല്‍ മറ്റുളള വരെ രക്ഷപ്പെടുത്തല്‍ കൂടാതെ മത്സരങ്ങളില്‍ മറ്റും പങ്കെടുക്കാനുളള പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുക, ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ്‌ ഈ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്തെ എല്ലാ നിയമസഭാ നിയോജകമണ്‌ഡലങ്ങളിലും ഒരു നീന്തല്‍ പരിശീലന കേന്ദ്രം എന്ന രീതിയിലാണ്‌ ഈ പദ്ധതിയുടെ സംഘാടനം. നീന്തല്‍ പരിശീലനത്തിന്‌ ആവശ്യമായ ജലാശയങ്ങള്‍ നിയോജകമണ്‌ഡലങ്ങളില്‍ നിന്നും കണ്ടെത്തും. ഫയര്‍ & സേഫ്‌റ്റിയുമായി സഹകരിച്ച്‌ പരിശീലകരെ കണ്ടെത്തും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ സേവന സേനയായ ടീം കേരളയുമായി സഹകരിച്ചുകൊണ്ട്‌ ഈ പരിശീലനപരിപാടി സംഘടിപ്പിക്കുന്നതാണ്‌.


5) കായിക പരിശീലനവും മത്സരങ്ങളും :-


കായികരംഗത്തിന്‌ വളരെയേറെ പ്രാധാന്യം നല്‍കികൊണ്ട്‌ മുന്നോട്ടു പോകുന്ന സംസ്ഥാനമാണ്‌ കേരളം. കായിക രംഗത്ത്‌ രാജ്യത്തിനകത്തും പുറത്തും അഭിമാനിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ച നിരവധി താരങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്‌. വളരെ പരിമിതമായ സൗകര്യങ്ങളില്‍ പരിശീലിച്ച്‌ മികച്ച വിജയം നേടിയവരാണിവര്‍. വളര്‍ന്നുവരുന്ന ഇത്തരം കായിക പ്രേമികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനായി ചില കായിക ഇനങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്‌. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി അഫിലിയേറ്റ്‌ ചെയ്‌ത മുഴുവന്‍ ക്ലബ്ബുകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.
കായിക ഇനങ്ങള്‍ :-
1. ഫുട്‌ബോള്‍ (സെവന്‍സ്‌), 2. കബഡി, 3. വോളീബോള്‍


1. ഫുട്‌ബോള്‍ മത്സരം (സെവന്‍സ്‌)


ജില്ലാ സംസ്ഥാന തലങ്ങളിലായാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ക്ലബ്ബുകളുടെ പേരിലായിരിക്കും മത്സരത്തില്‍ ടീമുകളെ പങ്കെടുപ്പിക്കുന്നത്‌. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ എത്തുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക്‌ ക്യാഷ്‌ പ്രൈസ്‌, സര്‍ട്ടിഫിക്കറ്റ്‌, ട്രോഫി എന്നിവ നല്‍കുന്നു.
2. കബഡി, വോളിബോള്‍


സംസ്ഥാനതലത്തില്‍ മാത്രമാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ക്ലബ്ബുകളുടെ പേരിലായിരിക്കും മത്സരത്തില്‍ ടീമുകളെ പങ്കെടുപ്പിക്കുന്നത്‌. വിജയികള്‍ക്ക്‌ ക്യാഷ്‌ പ്രൈസ്‌, സര്‍ട്ടിഫിക്കറ്റ്‌, ട്രോഫി എന്നിവ നല്‍കുന്നു.

6) ട്രാന്‍സ്‌ജന്‍ഡര്‍ ശാക്തീകരണം :-


സംസ്ഥാനത്തെ ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവരുടെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതിനും സാധ്യതക്കനുസരിച്ചുള്ള വിവിധതരം പദ്ധതികള്‍ നടപ്പിലാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ബോധവല്‍ക്കരണ ക്യാമ്പുകള്‍, എംബ്രോയിഡറി, ഫാബ്രിക്‌ സാരി പെയിന്റിംഗ്‌, ഫാഷന്‍ ഡിസൈനിംഗ്‌, ഗ്രാഫിക്‌ ഡിസൈനിംഗ്‌, ആഭരണ നിര്‍മ്മാണം തുടങ്ങിയ തൊഴില്‍ പരിശീലനങ്ങള്‍, സെമിനാറുകള്‍, കലാ-കായിക പരിപാടികള്‍, എന്നിവ സംഘടിപ്പിക്കും.

സംസ്ഥാനതലത്തില്‍ 3 തൊഴില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തിലുള്ളവരെ ഉള്‍പ്പെടുത്തി ജില്ലകളില്‍ രൂപീകരിച്ച മാരിവില്ല്‌ എന്ന ട്രാന്‍സ്‌ജന്‍ഡര്‍ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരിക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഒരു പരിശീലന പരിപാടിയില്‍ 70 പേരെ വീതം പങ്കെടുപ്പിക്കുന്നു (ഒരു ക്ലബ്ബില്‍ നിന്ന്‌ 5 പേര്‍ വീതം 14 ജില്ലകളില്‍ നിന്നുമായി 70 പേര്‍). പരിശീലനത്തിന്റെ ദൈര്‍ഘ്യം 3 ദിവസമാണ്‌. മൂന്ന്‌ പരിശീലന പരിപാടികളിലുമായി ആകെ 210 പേര്‍ പങ്കെടുക്കും. ട്രാന്‍സ്‌ജന്‍ഡര്‍ ശാക്തീകരണവുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കും.

7) ട്രൈബല്‍ സ്‌പോര്‍ട്‌സ്‌ (മത്സരങ്ങള്‍):-


ആദിവാസി ഗോത്രവിഭാഗങ്ങളുടെ കായികക്ഷമത മറ്റ്‌ വിഭാഗം ജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണ്‌. കായികപരമായി കഴിവുള്ള ഈ വിഭാഗങ്ങളുടെ മാനുഷിക വിഭവശേഷി ശരിയായി ഉപയോഗപ്പെടുത്തി അവരുടെ തനതായ കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

ആദിവാസി ഗോത്രവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന വയനാട്‌,ഇടുക്കി, പാലക്കാട്‌, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ്‌ ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. പ്രസ്‌തുത ജില്ലകളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ അത്‌ലറ്റിക്‌സ്‌, അമ്പെയ്‌ത്ത്‌ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. മത്സരങ്ങളിലൂടെ മികച്ച കായിക താരങ്ങളെ കണ്ടെത്തുകയും ശാസ്‌ത്രീയമായ പരിശീലനങ്ങള്‍ക്കായി അവരെ സ്‌പോര്‍ട്‌സ്‌ സ്‌കൂളുകളിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുകയും ചെയ്യും. ഇതിനായി കായിക വകുപ്പിന്റെ സഹകരണം ലഭ്യമാക്കും.