കേരളത്തിന്റെ വികസനത്തിന്‌ യുവജനങ്ങളെയും യുവജന കൂട്ടായ്‌മകളെയും ഉപയുക്തമാക്കി യുവജനക്ഷേമ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുക എന്നതാണ്‌ യുവശക്തി പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിയില്‍ യുവജനക്ഷേമത്തിനും യുവജനക്ഷേമ ബോര്‍ഡിനും പങ്കാളിത്തം ഉറപ്പാക്കുക, ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടെ പ്രോജക്‌ടുകള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും യുവജനങ്ങളേയും യുവജന ക്ലബ്ബുകളേയും ഉപയോഗപ്പെടുത്തുക, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക്‌ പ്രോത്സാഹനവും സഹായങ്ങളും നല്‍കുക, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സമൂഹത്തിന്റെ താഴെതട്ടില്‍ വരെ എത്തിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യൂത്ത്‌ ക്ലബ്ബുകളെ ഉന്നത നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുക, കാലാകാലങ്ങളില്‍ യുവജനക്ഷേമ ബോര്‍ഡ്‌ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ സമയബന്ധിതമായും ചിട്ടയോടും നടപ്പാക്കുക, കേരളോത്സവം, യുവജനക്ഷേമ ബോര്‍ഡിന്റെ മറ്റ്‌ പരിപാടികള്‍, പദ്ധതികള്‍ എന്നിവയ്‌ക്ക്‌ വേണ്ടത്ര പ്രചാരവും യുവജന പങ്കാളിത്തവും ഉറപ്പാക്കുക, യുവാക്കളില്‍ സാംസ്‌കാരിക ബോധം, ചരിത്ര പഠനം, ശാസ്‌ത്രീയ ചിന്ത, മതേതരത്വം, ദേശീയോദ്‌ഗ്രഥനം തുടങ്ങിയവ വളര്‍ത്തിയെടുക്കുക, വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക്‌ പ്രോത്സാഹനവും നേതൃത്വവും നല്‍കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രക്രീയകളില്‍ യുവജനക്ഷേമത്തിനും യുവജനക്ഷേമ ബോര്‍ഡിനും വേണ്ട പ്രാധിനിത്യം ഉറപ്പാക്കുക, കാലാകാലങ്ങളില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ നേരിട്ട്‌ രൂപീകരിക്കുന്ന വിവിധ ക്ലബ്ബുകളുടെ (അഫിലിയേഷന്‍ പൂര്‍ത്തിയാക്കിയത്‌) രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കുക. എന്നിവ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഉത്തരവാദിത്തങ്ങളാണ്‌.

യുവശക്തി മാനുവലിന്റെ അടിസ്ഥാനത്തിലാണ്‌ യുവശക്തി പദ്ധതി നടപ്പിലാക്കുന്നത്‌. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും 14 ജില്ലകളിലുമായിട്ടാണ്‌ ടി പദ്ധതി നടപ്പിലാക്കുന്നത്‌. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ നിയോഗിക്കുന്ന യൂത്ത്‌ കോ-ഓര്‍ഡിനേറ്ററാണ്‌ ബ്ലോക്ക്‌, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ യുവശക്തി പദ്ധതി നടപ്പിലാക്കാനുള്ള നേതൃത്വപരമായ പങ്ക്‌ വഹിക്കുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങള്‍ക്ക്‌ പുറമേ ജില്ലാതലത്തിലും യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രവര്‍ത്തിക്കുന്നത്‌്‌. പ്രതിമാസ ഓണറേറിയം വ്യവസ്ഥയിലാണ്‌ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍:- ജില്ലയില്‍ ഒരു ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ ഉണ്ടായിരിക്കുന്നതാണ്‌.

ബ്ലോക്ക്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍:-  പഞ്ചായത്തുകളുടെഎണ്ണത്തിനനുസരണമായി ഒരു ബ്ലോക്കില്‍ ആവശ്യമായ കോ-ഓര്‍ഡിനേറ്റര്‍മാരെ (ഒരു കോ-ഓര്‍ഡിനേറ്റര്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ ചുമതല) നിയോഗിക്കുന്നതാണ്‌. അങ്ങനെവരുമ്പോള്‍ സംസ്ഥാനത്ത്‌ ആകെ 450 ബ്ലോക്ക്‌തല കോ-ഓര്‍ഡിനേറ്റര്‍മാരുടെ സേവനം ആവശ്യമായി വരും.

മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍:-  മുനിസിപ്പാലിറ്റിയില്‍ ഓരോ കോ-ഓര്‍ഡിനേറ്റര്‍മാരെയും കോര്‍പ്പറേഷനില്‍ രണ്ടുവീതം കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയോഗിക്കും.

യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്ന രീതി

മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍

മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍-ല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിന്‌ കുറഞ്ഞത്‌ മൂന്ന്‌ പേരുകള്‍ എങ്കിലും അടങ്ങുന്ന പട്ടിക മേല്‍പ്പറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടേയോ അദ്ധ്യക്ഷന്റെയോ ശുപാര്‍ശ സഹിതം യുവജനക്ഷേമ ബോര്‍ഡിലേക്ക്‌ നല്‍കേണ്ടതാണ്‌. അവയില്‍ ഒരാളെ കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്ത്‌ വൈസ്‌ ചെയര്‍മാന്റെ അനുമതിയോടെ മെമ്പര്‍ സെക്രട്ടറി നിയമിക്കുന്നതായിരിക്കും.

ബ്ലോക്ക്‌ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍

1. പഞ്ചായത്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ എത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ വേണമെന്നും, ഒരു കോ-ഓര്‍ഡിനേറ്റര്‍ ഏതെല്ലാം പഞ്ചായത്തുകളുടെ ചുമതലയാണ്‌ വഹിക്കേണ്ടതെന്നും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ നിന്ന്‌ നിശ്ചയിച്ച്‌ നല്‍കുന്നതാണ്‌.
2. ഒരു കോ-ഓര്‍ഡിനേറ്ററെ തിരഞ്ഞെടുക്കുന്നതിന്‌ മൂന്നില്‍ കുറയാത്തവരുടെ പേര്‌ വിവരം, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌/സെക്രട്ടറിയുടെ ശുപാര്‍ശ കത്ത്‌ സഹിതം യുവജനക്ഷേമ ബോര്‍ഡിന്‌ നല്‍കേണ്ടതാണ്‌.
3. ഒന്നില്‍ കൂടുതല്‍ പഞ്ചായത്തിന്റെ ചുമതല വഹിക്കുന്ന ഒരു കോ-ഓര്‍ഡിനേറ്ററെ തിരഞ്ഞെടുക്കുവാന്‍ പ്രസ്‌തുത പഞ്ചായത്ത്‌ പരിധിയില്‍ താമസിക്കുന്ന 1 ആളെ വീതം പഞ്ചായത്ത്‌ പ്രസിഡന്റ്‌/സെക്രട്ടറിക്ക്‌ നിര്‍ദ്ദേശിക്കേണ്ടതും പ്രസ്‌തുത പഞ്ചായത്തുകളില്‍ താമസിക്കുന്ന ഒരാളെകൂടി ബ്ലോക്ക്‌ പഞ്ചായത്തിനും നിര്‍ദ്ദേശിക്കാവുന്നതാണ്‌.
4. കോ-ഓര്‍ഡിനേറ്റര്‍ ചുമതല വഹിക്കാന്‍ പോകുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ്‌/സെക്രട്ടറിയുടെ ശുപാര്‍ശ കത്തും പ്രസ്‌തുത നിര്‍ദ്ദേശത്തോടൊപ്പം നല്‍കേണ്ടതാണ്‌.
5. മേല്‍പ്പറഞ്ഞ രീതിയില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിര്‍ദ്ദേശിക്കാത്തപക്ഷം കോ-ഓര്‍ഡിനേറ്റര്‍മാരെ യുവജനക്ഷേമ ബോര്‍ഡ്‌ നേരിട്ട്‌ നിയമിക്കുന്നതാണ്‌. കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചുതരണമെന്നുള്ള അറിയിപ്പ്‌ നല്‍കി 30 ദിവസത്തിനുള്ളില്‍ തീരുമാനം യുവജനക്ഷേമ ബോര്‍ഡില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നേരിട്ട്‌ നിയമനം നടത്തുന്നതാണ്‌.
6. ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരെ യുവജനക്ഷേമ ബോര്‍ഡ്‌ നേരിട്ട്‌ നിയമിക്കുന്നു. വൈസ്‌ ചെയര്‍മാന്റെ അനുമതിയോടെ മെമ്പര്‍ സെക്രട്ടറിയാണ്‌ ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്‌.
7. ജില്ല, ബ്ലോക്ക്‌, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. അവരുടെ സേവനം വീണ്ടും നീട്ടിനല്‍കാനുള്ള അധികാരം പൂര്‍ണ്ണമായും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനായിരിക്കും.
8. കോ-ഓര്‍ഡിനേറ്റര്‍മാരുടെ സേവനം അവസാനിപ്പിക്കുവാനുള്ള അധികാരം യുവജനക്ഷേമ ബോര്‍ഡില്‍ നിക്ഷിപ്‌തമായിരിക്കും.
9. കോ-ഓര്‍ഡിനേറ്റര്‍മാര്‍ മാനുവലില്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, മറ്റ്‌ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നും ഓണറേറിയം കൈപ്പറ്റുന്നില്ല എന്ന്‌ സത്യവാങ്‌മൂലം എന്നിവ നിയമന ഉത്തരവ്‌ കൈപ്പറ്റി 7 ദിവസത്തിനകം യുവജനക്ഷേമ ബോര്‍ഡിന്റെ അതാത്‌ ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗ്യത

ജില്ലാ, ബ്ലോക്ക്‌, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍തല യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍ കുറഞ്ഞത്‌ +2 പാസ്സായിരിക്കണം. പ്രായം 18 നും 35 നും മദ്ധേ്യ ആയിരിക്കണം.

ഓണറേറിയം

1. ബ്ലോക്ക്‌, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍തല കോ-ഓര്‍ഡിനേറ്ററുടെ പ്രതിമാസ ഓണറേറിയം 7500/- രൂപയായിരിക്കും. കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അതാത്‌ മാസത്തെ ഓണറേറിയം അനുവദിക്കുന്നത്‌. എല്ലാ മാസവും 5-ാം തീയതിക്കു മുമ്പായി ജില്ലാ ഓഫീസര്‍ക്കുമാമ്പാകെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതാണ്‌. പ്രസ്‌തുത റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം ബോര്‍ഡ്‌ നിര്‍ദ്ദേശിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ ഓഫീസറുടെയും ജില്ലാ കോ-ഓര്‍ഡിനേറ്ററുടെയും അഭിപ്രായം സഹിതം സാക്ഷ്യപ്പെടുത്തി ബോര്‍ഡ്‌ ഹെഡ്‌ ഓഫീസിലേയ്‌ക്ക്‌ 8-ാം തീയതിക്കു മുമ്പായി ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണറേറിയം വിതരണം ചെയ്യുന്നു.
2. ജില്ലാ യൂത്ത്‌ കോ-ഓര്‍ഡിനേറ്ററുടെ ഓണറേറിയം പ്രതിമാസം 15,000/- രൂപ ആയിരിക്കും. അതത്‌ മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഓണറേറിയം അനുവദിക്കുക.