1) പരീക്ഷാ പരിശീലന പദ്ധതി :-

സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക്‌ വിവിധ മേഖലകളിലെ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കുന്നതിന്‌ ഉപയുക്തമായ രീതിയില്‍ അവര്‍ക്ക്‌ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്‌. മാറുന്ന ഈ സാഹചര്യത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ ഡിജിറ്റല്‍പ്ലാറ്റ്‌ ഫോമുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പദ്ധതികളുടെയും പരിപാടികളുടെയും സംഘാടനം പുതിയ രീതിയില്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ബോര്‍ഡ്‌ നടപ്പിലാക്കുന്ന പരീക്ഷാ പരിശീലന പദ്ധതികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോമിലൂടെ നടപ്പിലാക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോയും ഓണ്‍ലൈന്‍ ക്ലാസ്‌ റൂമും യുവജനക്ഷേമ ബോര്‍ഡിന്റെ കുടപ്പനക്കുന്നിലുള്ള ആസ്ഥാനമന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.ഓണ്‍ലൈന്‍ മുഖാന്തിരം ബോര്‍ഡിന്റെ യൂട്യൂബ്‌ ചാനല്‍ വഴിയും ബോര്‍ഡിന്റെ ഔദേ്യാഗിക ഫേയ്‌സ്‌ബുക്ക്‌ പേജ്‌ വഴിയും പരിശീലനക്ലാസ്സുകള്‍ നല്‍കാനാണ്‌ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌. പി.എസ്‌.സി, യു.പി.എസ്‌.സി, റയില്‍വേ, സിവില്‍ സര്‍വ്വീസ്‌ തുടങ്ങിയ മത്സരപരീക്ഷകള്‍ക്കും കരിയര്‍ ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖാന്തിരം പരിശീലനം നല്‍കുന്നു.