1. യൂത്ത് അവാര്‍ഡ്

ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹത്തിനാകെ മാതൃകയാകുന്ന നിരവധിയുവജനങ്ങള്‍ നമ്മുക്കിടയിലുണ്ട്. വിവിധതലങ്ങളില്‍ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഈ യുവപ്രതിഭകളെ ആദരിക്കുന്നത് മഹത്തായ കാര്യമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹവും പ്രശംസനീയവുമായ പ്രകടനം കാഴ്ചവച്ച യുവജനങ്ങളെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കി അംഗീകരിക്കാവുന്നതാണ്. കൂടാതെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം ജില്ല-സംസ്ഥാനതലങ്ങളില്‍ ഏര്‍പ്പെടുത്തുന്നു.

2. യുവമാധ്യമ ക്യാമ്പ്

സാമൂഹ്യ പുരോഗതിയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം, മാധ്യമരംഗത്തെ നൂതന പ്രവണതകള്‍ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങള്‍ക്കും, യുവമാധ്യമ പ്രവര്‍ത്തകര്‍ക്കും അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടുകൂടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവമാധ്യമ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കും. യുവാക്കളായ മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നത്

4. യുവജനവികസന പദ്ധതികള്‍

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്കായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.

5. ജില്ലാ യുവജനകേന്ദ്രം വഴി നടപ്പാക്കു പദ്ധതികള്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജനകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോജക്ടുകള്‍ക്കും ധനസഹായം നല്‍കും.

6. പ്രചരണവും പൊതുജനസമ്പര്‍ക്കവും

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലകളിലും സംസ്ഥാനത്താകമാനവും വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നു. പ്രസ്തുത പദ്ധതികളുടെ പ്രയോജനം അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്കെത്തിക്കുവാന്‍ വിപുലമായ പ്രചരണവും പൊതുജന സമ്പര്‍ക്ക പരിപാടികളും ആവശ്യമാണ്. ദൃശ്യ -ശ്രവ്യ-അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ യുവജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്.

7. നവമാധ്യമ കൂട്ടായ്മ

യുവജനങ്ങള്‍ക്ക് നവമാധ്യമ രംഗത്ത് ശരിയായ രീതിയില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുന്ന തരത്തില്‍ അവബോധമുണ്ടാക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ യൂത്ത് ക്ലബ്ബുകളിലും താഴെത്തലങ്ങളിലും എത്തിക്കുന്നതിന് ഒരു നവമാധ്യമ ശ്രൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നവമാധ്യമ ശില്പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

8. ദിനാചരണങ്ങള്‍

ദേശീയ അന്തര്‍ദേശീയ യുവജനദിനാഘോഷങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രധാനമായും സംഘടിപ്പിക്കുന്നത്. കൂടാതെ പരിസ്ഥിതി ദിനാചരണം, ലഹരിവിമുക്ത ദിനാചരണം, മറ്റ് പ്രധാനപ്പെട്ട ദിനങ്ങള്‍ എന്നിവയും ആചരിക്കും. ദേശീയ യുവജനദിനാഘോഷവും (ജനുവരി 12) അന്തര്‍ദേശീയ യുവജനദിനാഘോഷവും (ആഗസ്റ്റ് 12) ജില്ലാതലത്തിലും യൂത്ത് സെന്റര്‍ തലത്തിലും വിപുലമായി ആഘോഷിക്കുന്നതാണ്. റാലി, സെമിനാര്‍, പൊതുസമ്മേളനം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലും പൊതു സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ജനപങ്കാളിത്തത്തോടെയും യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെയും പ്രാദേശിക വിഭവങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

9. യുവത മാസിക

യുവജനക്ഷേമ ബോര്‍ഡിന്റേയും യൂത്ത് ക്ലബ്ബുകളുടേയും പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് യുവത എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത പ്രസിദ്ധീകരണം യൂത്ത് ക്ലബ്ബുകള്‍, യൂത്ത് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, യുവജനപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭ്യമാക്കുകയും മാസിക പ്രചാരണം നടത്തുകയും ചെയ്യും.