1. ശാസ്‌ത്ര ക്വിസ്സ്‌

രാജ്യപുരോഗതിയും ശാസ്‌ത്രാവബോധവും നിലനിര്‍ത്തുന്നതിന്‌ ശാസ്‌ത്രത്തെ ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകത യുവജനങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. യുവജനങ്ങളിലെ ശാസ്‌ത്ര കൗതുകം കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരിലെ അറിവുകള്‍ തിരിച്ചറിയുന്നതിനും വേണ്ടി സംസ്ഥാനത്താക മാനം മൂന്ന്‌ തലങ്ങളിലായി ക്വിസ്‌മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

പദ്ധതിയുടെ സംഘാടനം

ഹൈസ്‌കൂള്‍ തലത്തിലുള്ളവരെ ഉള്‍പ്പെടുത്തി ശാസ്‌ത്ര ക്വിസ്‌ സംഘടിപ്പിക്കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഹൈസ്‌കൂള്‍തലത്തിലുള്ള ഗവണ്‍മെന്റ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ 140 നിയമസഭാ നിയോജകമണ്‌ഡലങ്ങളില്‍ പ്രാഥമികതല ക്വിസ്‌ മത്സരം സംഘടിപ്പിക്കുന്നു. ഒരു ടീമില്‍ 2 പേരാണ്‌ ക്വിസ്‌ മത്സരത്തില്‍ പങ്കെടുക്കേണ്ടത്‌. പ്രാഥമികതല ക്വിസ്‌ മത്സരത്തില്‍ 1, 2 സ്ഥാനം ലഭിച്ച ടീമിന്‌്‌ ക്യാഷ്‌ പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സമ്മാനമായി 1,000 രൂപയുമാണ്‌ നല്‍കുന്നത്‌. പ്രാഥമികതല മത്സരത്തിലെ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹമായ ടീമിന്‌ ജില്ലാതലമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ജില്ലാതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക്‌ യഥാക്രമം 10,000, 5,000 എന്നിങ്ങനെ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു. സംസ്ഥാനതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിച്ച ടീമിന്‌ 1 ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. സംസ്ഥാനതല മത്സരത്തില്‍ ഓരോ ജില്ലയേയും പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്‍ക്ക്‌ പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നു.

2.ഓണ്‍ലൈന്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍

ആധുനിക സങ്കേതികവിദ്യ ഉപയോഗിച്ച്‌ ഈ കാലഘട്ടത്തില്‍ ഒട്ടനവധി യുവജനങ്ങള്‍ ഷോര്‍ട്ട്‌ ഫിലിം നിര്‍മ്മാതാക്കളായി മാറിയിട്ടുണ്ട്‌. കലാമൂല്യമുള്ളതും സാമൂഹ്യ നന്മ ലക്ഷ്യം വച്ചുള്ളതുമായ ഒട്ടനവധി കലാ സൃഷ്‌ടികള്‍ ഇവര്‍ ഇതിനകം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനായി ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ലഭിച്ച അപേക്ഷകളില്‍ നിന്നും പ്രാഥമിക ജൂറി സ്‌ക്രീന്‍ ചെയ്‌ത്‌ തെരഞ്ഞെടുത്ത 30 ഷോര്‍ട്ട്‌ ഫിലിമുകളെ ഉള്‍പ്പെടുത്തി ഫൈനല്‍ സ്‌ക്രീനിംഗ്‌ സംഘടിപ്പിക്കുന്നു. ഫൈനല്‍ സ്‌ക്രീനിംഗില്‍ വിദഗ്‌ദ്ധ ജൂറികള്‍ ഷോര്‍ട്ട്‌ ഫിലിമുകള്‍ വിലയിരുത്തുകയും മികച്ച 1, 2, 3 സ്ഥാനങ്ങള്‍ ലഭിക്കുന്ന ഷോര്‍ട്ട്‌ ഫിലിമുകള്‍ക്ക്‌ 1 ലക്ഷം, 50,000, 25,000 എന്നിങ്ങനെ ക്യാഷ്‌ പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നു. ഷോര്‍ട്ട്‌ ലിസ്റ്റില്‍പ്പെട്ട ഫൈനല്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്ത്‌ സമ്മാനം ലഭിക്കാത്ത മറ്റ്‌ 27 ഷോര്‍ട്ട്‌ ഫിലിമുകള്‍ക്ക്‌ 5,000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു.

3. യുവസാഹിത്യ ക്യാമ്പ്

സാഹിത്യം ജീവിതത്തിന്റെ ഭാഗമായിതന്നെ സ്വീകരിച്ച നിരവധി യുവജനങ്ങളുണ്ട്. സാമൂഹ്യതിന്മകളോടുള്ള പ്രതിഷേധങ്ങളും, വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ പ്രതിഷേധങ്ങളും എല്ലാം ഇന്ന് സാഹിത്യലോകത്തിന് പുതിയ വിഭവങ്ങളായി മാറുന്നു. ഭാവനാസമ്പന്നമായ യുവതലമുറയെ സാഹിത്യലോകത്ത് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളോത്സവം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. സാധാരണക്കാരായ ഈ പ്രതിഭകളെ വിദഗ്ദ്ധമായി പരിശീലിപ്പിച്ചാല്‍ അവരെ അതത് മേഖലയില്‍ വളര്‍ത്തികൊണ്ടുവരുവാനും മലയാള സാഹിത്യത്തിന് നിസ്തൂലമായ സംഭാവനകള്‍ ലഭ്യമാക്കുവാനും സാധിക്കും. യുവസാഹിത്യമേഖലയെ സജ്ജമാക്കി മാനവീയതയും സഹിഷ്ണുതയും വളര്‍ത്തുക. സാഹിത്യ അഭിരുചിയുള്ള യുവജനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.

4. മണിനാദം 

യൂത്ത്‌/യുവാക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രശസ്‌ത നാടന്‍പാട്ട്‌ കലാകാരന്‍ കലാഭവന്‍ മണിയുടെ സ്‌മരണാര്‍ത്ഥം 2019 വര്‍ഷം മുതല്‍  “മണിനാദം” എന്ന പേരില്‍ കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട്‌ മത്സരം നടത്തിവരികയാണ്‌. ഈ വര്‍ഷവും കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയില്‍ വച്ച്‌ സംസ്ഥാനതല മത്സരം സംഘടിപ്പിക്കുകയാണ്‌. കോവിഡ്‌-19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ജില്ലാതലങ്ങളില്‍ നേരിട്ട്‌ സ്റ്റേജ്‌ മത്സരം നടത്താന്‍ സാധിക്കില്ല. ജില്ലാതലങ്ങളില്‍ ടീമുകള്‍ നേരിട്ട്‌ സി.ഡി യിലോ പെന്‍ഡ്രൈവിലോ ജില്ലാ ഓഫീസില്‍ പെര്‍ഫോമന്‍സ്‌ വീഡിയോകള്‍ ലഭ്യമാക്കുകയും, ലഭിക്കുന്ന വീഡിയോകളില്‍ നിന്നും ജഡ്‌ജിംഗ്‌ നടത്തി മികച്ച മൂന്ന്‌ സ്ഥാനക്കാരെ കണ്ടെത്തുകയും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാനമത്സരത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്ത്‌ ഹെഡ്‌ ഓഫീസില്‍ അറിയിക്കുകയും വേണം. ജില്ലാതല മത്സരങ്ങളില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാക്രമം 25,000, 10,000, 5,000 രൂപ വീതം പ്രൈസ്‌മണിയായി നല്‍കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാക്രമം 1 ലക്ഷം, 75,000, 50,000 രൂ വീതം പ്രൈസ്‌മണിയായി നല്‍കും.

5.വിവാഹ കൗണ്‍സിലിംഗ്‌  

കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്ക്‌ നാം ചേക്കേറിയപ്പോള്‍ വിവാഹിതരായി വീടുകളിലേക്ക്‌ എത്തുന്ന വധുവും വരനും മിഥ്യാധാരണകള്‍ ഉള്‍കൊണ്ട്‌ ജീവിതം മൂന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. കൂട്ടുകുടുംബങ്ങള്‍ ഉണ്ടായിരുന്ന കാലത്ത്‌ പല പ്രായക്കാരായ പുരുഷന്‍മാരും സ്‌ത്രീകളില്‍ നിന്നുമൊക്കെയുള്ള അറിവും ഒരു പ്രശ്‌നങ്ങളില്‍ നമ്മുടെ  വിഷമങ്ങള്‍  കേള്‍ക്കുവാന്‍  ആളുണ്ടാവുന്നതുമൊക്കെ  വിഷമതകള്‍ ലഘൂകരിച്ചിരുന്നു.  ഈ കാലഘട്ടത്തില്‍
സമപ്രായക്കാരുമായി മാത്രമുള്ള അടുപ്പവും അറിവുകളും ഇതാണ്‌ ജീവിതമെന്ന്‌ കേട്ടറിഞ്ഞ ധാരണ വച്ച്‌ പുതിയ കുടുംബത്തിലും ജീവിത പങ്കാളികളും തമ്മിലുള്ള അസ്വാരസ്യങ്ങളും, ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും പങ്കാളികള്‍ തമ്മിലകലാനും ആത്മഹത്യാ പ്രേരണയും കൊലപാതങ്ങളും നടമാടുന്ന അവസ്ഥയിലേക്ക്‌ സമൂഹം എത്തിയിരിക്കുന്നു. ഈ ദുരിതാവസ്ഥയില്‍ നിന്നും കരകയറ്റാനായി ഈ പദ്ധതി പ്രയോജനം ചെയ്യും.