നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സി അവരുടെ ടി വി ചർച്ചയിൽ അഭിപ്രായപ്പെട്ടത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നേട്ടങ്ങൾക്കുള്ള  അംഗീകാരമാണ് . കൊറോണ വൈറസിനെ സംബന്ധിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് അവതാരകയും പാനലിസ്റ്റും പ്രശംസിച്ചത് കേരളത്തിന്റെ ആരോഗ്യ രംഗം കൈവരിച്ച പുരോഗതി അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെതെളിവാണ്.

ചൈനീസ് മാധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത വൈറസ് രോഗങ്ങളെ കേരളം നേരിട്ട രീതി പ്രശംസനീയമാണ് എന്ന് ചൂണ്ടിക്കാട്ടി.മൂന്ന് കൊറോണ വൈറസ് കേസുകള്‍
കേരളത്തില്‍  റിപ്പോര്‍ട്ട് ചെയ്തെങ്കിലും എല്ലാവരുടെയും  രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി ഇടപ്പെട്ടു എന്ന് ചുണ്ടിക്കാട്ടിയ  ദേവിന ഗുപ്ത ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ചോദിച്ചത്.
ഇതിന് മറുപടി നല്‍കിയ പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീൽ  ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഉറപ്പിച്ചു പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മെച്ചപ്പെട്ടതാണ് എന്നും  പ്രാഥമിക ആരോഗ്യ രംഗത്തെ പ്രവര്‍ത്തനമാണ് അതിനു സഹായിച്ചത് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.മുൻപും അന്താരാഷ്ട്ര മാധ്യമങ്ങൾ ആരോഗ്യ രംഗത്ത് കേരളം ഉണ്ടാക്കിയ നേട്ടങ്ങളെ പ്രശംസിച്ചിട്ടുണ്ട്.കേരളത്തെ കുറിച്ചും വിശേഷിച്ചു കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ തമസ്കരിച്ചു സംസ്‌ഥാനത്തിനെതിരെ സംഘടിതമായ നുണ പ്രചാരണം നടക്കുന്ന കാലത്താണ് ഈ പ്രശംസ. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പുറകിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ .