കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ എ എസ് ) ആദ്യ ബാച്ചിലേക്ക് പി എസ് സി നടത്തുന്ന പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തിയ കെ എ എസ് പരീശീലന പദ്ധതി ഫലപ്രദമായിരുന്നുവെന്നാണ് ഇതിൽ പങ്കെടുത്തതിന് ശേഷം പരീക്ഷ എഴുതിയവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.പല സ്വകാര്യ കോച്ചിങ് സെന്ററുകളും ഫല പ്രദമായി പരീശീലനം നൽകാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത് എന്നോർക്കണം.
ഫൈനൽ പരീക്ഷക്ക് യുവജനക്ഷേമ ബോര്‍ഡ് കോച്ചിങ് നൽകുമോ ; പ്രിലിം പരീക്ഷ പരീശീലനം യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിൽ നടന്ന കോച്ചിങ്ങിൽ പങ്കെടുത്തു പാസായവർക്ക് മാത്രമായിരിക്കുമോ കോച്ചിങ് നൽകുക തുടങ്ങിയ ചോദ്യങ്ങൾ പലരും ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ് എന്നാണ് മനസിലാക്കുന്നത് .
കെ എ എസ് പരിശീലനത്തിന്റെ അതെ മാതൃകയിൽ , സിവിൽ സർവീസ് പരിശീലനം കൊടുക്കണമെന്നു ആവശ്യപ്പെട്ടവരും ഉണ്ട്.ഇത്തരം ഒരു പരീശീലന പദ്ധതി നടപ്പിലാക്കിയതിൽ യുവജന ക്ഷേമ ബോർഡിനോടും പരീശീലനത്തിനു പിന്നിൽ പ്രവർത്തിച്ചവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചവരും നിരവധിയാണ് ഇവരുടെ അഭിപ്രായങ്ങളിൽ നിന്നും പരീശീലനം വിജയകരമായിരുന്നുവെന്നു മനസിലാക്കുന്നു,വിവിധ ഉദ്യോഗാർത്ഥികൾ നൽകിയ ഫീഡ്ബാക്കുകൾ തുടർന്നുള്ള പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.ഗുണപരമായ നിർദ്ദേശങ്ങൾ സ്വീകരിക്കും എന്നും ഉറപ്പു തരുന്നു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തിയ കെ എ എസ് പരീശീലന പദ്ധതിയിൽ പങ്കെടുത്ത എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
1534 കേന്ദ്രങ്ങളിലായി മൂന്നര ലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതിയത്. പ്രാഥമിക പരീക്ഷ കഠിനമായിരുന്നെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. സിവിൽ സർവീസിന് തയ്യാറെടുത്തവർക്ക് പരീക്ഷ എളുപ്പമായിരുന്നെന്നും അഭിപ്രായമുണ്ട്.കർശന നിരീക്ഷണത്തിലാണ് കെ.എ.എസ് പരീക്ഷ നടന്നത്. ഹാൾ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിച്ചുളളൂ. ഇന്ന് നടന്ന പരീക്ഷയുടെ ഫലം ഒരു മാസത്തിനുളളിൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട വിവരണാത്മക പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഒക്ടോബറിൽ അഭിമുഖത്തിന് ശേഷം നവംബർ ഒന്നോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം