1) ഓണ്‍ലൈന്‍ ഡെലിവറി സംവിധാനം

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള കച്ചവടങ്ങള്‍ക്ക്‌ പ്രാദേശികായി ഡെലിവറി സംവിധാനം ഒരുക്കുന്ന പദ്ധതിയാണിത്‌. കേരളത്തിലെ ഓരോ ചെറിയ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക്‌ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കച്ചവടം നടത്തുവാനും ഇവര്‍ക്ക്‌ ഹോം ഡെലിവറി ഉറപ്പാക്കുവാനും അതുവഴി ഓരോ പ്രദേശത്തും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുവാനും ലക്ഷ്യമിടുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു അപ്പക്‌സ്‌ കോ-ഓര്‍ഡിനേഷന്‍ സമിതി രൂപീകരിച്ച്‌ ഒരു ബ്രാന്‍ഡ്‌ ബില്‍ഡ്‌ ചെയ്യുകയും മാര്‍ക്കറ്റിംഗ്‌, സെയില്‍സ്‌ നടത്തി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളേയും ഇ-കൊമേഴ്‌സ്‌ എനേബിളിങ്‌ കമ്പനികളുമായി ധാരണ ഉണ്ടാക്കുകയും ചെയ്യുന്നു.മൈക്രോ എന്റര്‍പ്രെണര്‍ രീതിയില്‍ ഓരോ ജില്ല/താലൂക്ക്‌ കേന്ദ്രീകരിച്ചും സംഘടിപ്പിക്കുന്ന ലാസ്റ്റ്‌ലെവല്‍ ഡെലിവറി സ്ഥാപനങ്ങളും അവയ്‌ക്ക്‌ ഒരു യൂണിഫോം പ്രോസസും ഉണ്ടാക്കുന്നു. കേരളത്തിലെ ഒന്നോ രണ്ടോ വാണിജ്യ പ്രാധാന്യമുള്ള ഇടങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൈലറ്റ്‌ ആയി പദ്ധതി നടപ്പിലാക്കുന്നു.കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ 5 പേര്‍ അടങ്ങുന്ന ഒരു അപ്പക്‌സ്‌ കോ-ഓര്‍ഡിനേഷന്‍ സമിതിയായിരിക്കും ഈ പദ്ധതിയുടെ ഉന്നതതല സമിതി. മാര്‍ക്കറ്റിംഗ്‌ ഫീല്‍ഡില്‍ പ്രഗത്ഭരായവര്‍ ആയിരിക്കും ഇതിലെ അംഗങ്ങള്‍. ഈ അപ്പക്‌സ്‌ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ മേല്‍നോട്ടം വഹിക്കുന്നതിന്‌ ഒരു അപ്പക്‌സ്‌ സമിതി സ്റ്റേറ്റ്‌ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ ഉണ്ടായിരിക്കും. അപ്പക്‌സ്‌ കോ-ഓര്‍ഡിനേഷന്‍ സമിതിക്ക്‌ ഒരു സംസ്ഥാന ഓഫീസ്‌ ഉണ്ടായിരിക്കും. അതിനു കിഴില്‍ ഓരോ ജില്ലയിലും ജില്ലാ ഫ്രാഞ്ചൈസികള്‍ ഉണ്ടാകും. ജില്ലാ ഫ്രാഞ്ചൈസികളുടെ മേല്‍നോട്ടം എം.ബി.എ യോഗ്യതയുള്ള ഒരു കോ-ഓര്‍ഡിനേറ്ററില്‍ നിക്ഷിപ്‌തമായിരിക്കും. കൂടാതെ, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു ഓഫീസ്‌ അറ്റന്‍ഡന്റ്‌ കൂടി ഉണ്ടാകും. ഈ പദ്ധതിക്കായി ഒരു സോഫ്‌റ്റ്‌വെയര്‍/ആപ്ലിക്കേഷന്‍ രൂപകല്‌പന ചെയ്യും. ഇതു കൂടാതെ മാര്‍ക്കറ്റിംഗ്‌ രംഗത്ത്‌ ഇടപെടുന്നതിനായി മൂന്ന്‌ മിഡില്‍ ലെവല്‍ പ്രൊഫഷണലിസ്റ്റുകള്‍ കൂടിയുണ്ടാകും.പൈലറ്റ്‌ പദ്ധതി എന്ന നിലയില്‍ എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പിലാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

2) നൈപുണ്യവും പുതിയ സംരംഭങ്ങള്‍ ആരംഭിക്കലും(എല്‍.ഇ.ഡി ബള്‍ബ്‌ നിര്‍മ്മാണം)

ബള്‍ബുകളുടെ വിപണിയില്‍ ഏറ്റവും മുന്നിലുള്ളത്‌ എല്‍.ഇ.ഡി ലൈറ്റുകളും, ട്യൂബുകളുമാണ്‌. ഊര്‍ജ്ജ ഉപയോഗം വളരെ കുറവായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്‌. യുവജനക്ഷേമ ബോര്‍ഡ്‌ രൂപീകരിച്ച അവിളിടം യുവതീ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്ക്‌്‌ എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി അവയുടെ നിര്‍മ്മാണവും, വിപണനവും നടത്തുന്നതിനുള്ള പദ്ധതിയാണിത്‌.

അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങി യുവജനങ്ങളുടെ സഹകരണത്തോടെ ബള്‍ബ്‌ നിര്‍മ്മിച്ച്‌ വിപണനം നടത്താനാണ്‌ പ്രോജക്‌ട്‌ ലക്ഷ്യമിടുന്നത്‌. യുവജന കൂട്ടായ്‌മകള്‍ രൂപപ്പെടുത്തി പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിലൂടെ വരുമാനം ആര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണ്‌ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്‌. സംസ്ഥാനത്ത്‌ അവളിടം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഒരു ജില്ലയില്‍ 5 കേന്ദ്രങ്ങള്‍ എന്ന നിലയില്‍ സംസ്ഥാനത്ത്‌ 70 നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. ഒരു യൂണിറ്റില്‍ 100 യുവതികള്‍ക്ക്‌ പരിശീലനം നല്‍കുകയും അവര്‍ക്ക്‌ ബള്‍ബ്‌ നിര്‍മ്മിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. പരിശീലനത്തിന്റെ ദൈര്‍ഘ്യം രണ്ട്‌ ദിവസം ആയിരിക്കും. ആദ്യഘട്ടത്തില്‍ ഒരു യൂണിറ്റില്‍ നിന്ന്‌ 250 ബള്‍ബുകള്‍ നിര്‍മ്മിക്കുന്നു. അങ്ങനെ സംസ്ഥാനത്താകമാനം 17500 ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.

കേരള സംസ്ഥാന ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ സഹകരണത്തോടെ ബള്‍ബിന്റെ വിപണനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ബള്‍ബുകളുടെ വിപണനത്തിലൂടെ ബള്‍ബ്‌ നിര്‍മ്മിക്കുന്ന യുവജനങ്ങള്‍ക്ക്‌ വരുമാനം ഉണ്ടാകുന്നതിലുപരി യുവജനക്ഷേമ ബോര്‍ഡിന്‌ വരുമാനവും ലഭ്യമാകും. ബള്‍ബുകള്‍ നിര്‍മ്മിച്ച്‌ അവ വിപണനം നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന്‌ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം കണ്ടെത്തുന്ന തരത്തിലാണ്‌ പദ്ധതി രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. ബള്‍ബുകള്‍ക്ക്‌ ഏകീകൃതമായ വില നിശ്ചയിക്കും.