1. നാഷണല്‍ ഫോക് ഫെസ്റ്റ് ഓഫ് കേരള

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തനത് നാടന്‍ കലാരൂപങ്ങളെ കുറിച്ച് മനസ്സിലാക്കുക, അതിലൂടെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചറിയുക, അതുവഴി വൈവിദ്ധ്യത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന നമ്മുടെ ഏകത്വം മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക കൂട്ടായ്മ എന്നിവയാണ് നാഷണല്‍ ഫോക് ഫെസ്റ്റ് ഓഫ് കേരളയിലൂടെ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തു നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംഘം അവരുടെ തനത് നാടന്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും സമൂഹത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന യുവ പ്രതിഭകളുമായി ആശയവിനിമയം നടത്തുകയും, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതുമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിുള്ളവര്‍ കേരളത്തിലെ കുടുംബങ്ങളെ പരിചയപ്പെടുത്തുന്നതിനും ഇവിടുത്തെ കുടുംബ വ്യവസ്ഥിതി, സംസ്‌കാരം, ജീവിതരീതി എന്നിവ അനുഭവിച്ചറിഞ്ഞ്് പരിചയപ്പെടുന്നതിനും അവസരം നല്‍കുന്നതാണ്. .

2. യുവസാഹിത്യ ക്യാമ്പ്

സാഹിത്യം ജീവിതത്തിന്റെ ഭാഗമായിതന്നെ സ്വീകരിച്ച നിരവധി യുവജനങ്ങളുണ്ട്. സാമൂഹ്യതിന്മകളോടുള്ള പ്രതിഷേധങ്ങളും, വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ പ്രതിഷേധങ്ങളും എല്ലാം ഇന്ന് സാഹിത്യലോകത്തിന് പുതിയ വിഭവങ്ങളായി മാറുന്നു. ഭാവനാസമ്പന്നമായ യുവതലമുറയെ സാഹിത്യലോകത്ത് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളോത്സവം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. സാധാരണക്കാരായ ഈ പ്രതിഭകളെ വിദഗ്ദ്ധമായി പരിശീലിപ്പിച്ചാല്‍ അവരെ അതത് മേഖലയില്‍ വളര്‍ത്തികൊണ്ടുവരുവാനും മലയാള സാഹിത്യത്തിന് നിസ്തൂലമായ സംഭാവനകള്‍ ലഭ്യമാക്കുവാനും സാധിക്കും. യുവസാഹിത്യമേഖലയെ സജ്ജമാക്കി മാനവീയതയും സഹിഷ്ണുതയും വളര്‍ത്തുക. സാഹിത്യ അഭിരുചിയുള്ള യുവജനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.

3. ഷോര്‍ട്ട് ഫിലിം ഡൊക്യുമെന്ററി ഫെസ്റ്റിവല്‍

യുവജനങ്ങളുടെ പങ്കാളിത്തത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സാമൂഹ്യ നന്മയ്ക്ക് ലക്ഷയം വച്ചുകൊണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കും. വിവിധ മേഖലകളിലുള്ള ഷോര്‍ട്ട് ഫിലിമുകള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ഷൊര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും ചെയ്യും.