കൊറോണയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങള്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാകണം. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില നടക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇച്ഛാശക്തിയുള്ള യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പ്രളയവും നിപ്പയും കേരളം നേരിട്ടത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പങ്കാളിത്തവും കൂട്ടായ്മയും ഉറപ്പാക്കണം. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വതത്തില്‍ ഇന്നു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലാസ്സ് റൂം ശുചീകരണം, ബസ് സ്റ്റാന്റുകളിലെ ബസ്സുകള്‍ക്കുള്ളിലെ സാനിറ്റേഷന്‍ പ്രവര്‍ത്തനം, ഐസുലേറ്റ് ചെയ്ത വ്യക്തികള്‍ക്കുവേണ്ടി അവശ്യഘട്ടത്തില്‍ നല്‍കേണ്ട സഹായങ്ങള്‍, രക്തദാനം തുടങ്ങി അതത് ഘട്ടത്തില്‍ ആവശ്യകതക്കനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുവജനക്ഷേമ ബോര്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സന്നദ്ധരാകണം.

തിരുവനന്തപുരം കോട്ടണ്‍ഹില്‍.എച്ച്.എസ്.എസില്‍ നടത്തിയ കൊറോണ വൈറസ് പ്രവര്‍ത്തനത്തില്‍ യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ തന്നെ നേരിട്ട് പങ്കാളിയായി. ഇത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വോളന്റിയര്‍മാര്‍ക്ക് പ്രജോദനമായി മാറി. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വോളന്റിയര്‍മാര്‍ കൃത്യമായി 10 മിനിറ്റ് ഇടവേളകളില്‍ സാനിറ്ററൈസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകണം എന്ന നിര്‍ദ്ദേശം നല്‍കിയാണ് വോളന്റിയര്‍മാരെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കുന്നത്. ആള്‍ക്കൂട്ടമാകാതെ സന്നദ്ധ പ്രവര്‍ത്തകര്‍ തമ്മില്‍ അകലം പാലിച്ച് വേണം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം പ്രതിബദ്ധതയോടെ കോറൊണയെയും അതിജീവിക്കും എന്ന ബോധ്യത്തോടെ………….